Episodit

  • തമിഴ് സിദ്ധവൈദ്യനും സംഗീതപണ്ഡിതനും സർവോപരി കൃസ്ത്യാനിയുമായിരുന്ന എബ്രഹാം പണ്ഡിതരാണ് തമിഴ് നാട്ടിൽ ആദ്യ സംഗീതസമ്മേളനം സംഘടിപ്പിച്ചത്, 1912 ൽ . അതിന്നും നാലുകൊല്ലങ്ങൾക്കുശേഷം മാത്രമാണ് പുകൾ പെറ്റ അഖിലേന്ത്യാ സംഗീതസമ്മേളനം ഭാത്ഖണ്ഡേയും പലുസ്‌കറും ബറോഡയിൽ സംഘടിപ്പിച്ചത്. ചെന്നൈ മ്യൂസിക് സീസന്റെ അമ്മ ഡോക്ടർ ഏബ്രഹാം പണ്ഡിതർ തഞ്ചാവൂരിൽ വിളിച്ചുകൂട്ടിയ സമ്മേളനമായിരുന്നു. ഇന്ന് ടി .എം . കൃഷ്ണയിലെ സംഗീതകലാനിധിയെ എതിർക്കുന്ന പരിവാർ ഒരു വിപരീത സംഘകാലത്തെയാണ് കുറിക്കുന്നത്.ഏബ്രഹാം പണ്ഡിതർക്ക് സമർപ്പിക്കുന്ന ഈ പോഡ്‌കാസ്റ്റ് ടി .എം കൃഷ്ണയ്ക്ക് ലഭിച്ച സംഗീതകലാനിധി പുരസ്കാരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ ഉയർത്തിപ്പിടിക്കുവാനുള്ള ശ്രമമാണ്. ടി . എം കൃഷ്ണ പാടിയ തമിഴ് ഗാനം ' ചിന്തിക്കുവാൻ നമ്മോടു പറഞ്ഞ പെരിയാർ' പോഡ്‌കാസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ചീഞ്ഞ മാംസത്തിൽ മധുരമുള്ള പഴം കുഴച്ചാലുള്ള ഒരു മണമുണ്ടത്രേ വസൂരി പടരുമ്പോൾ . അതാണ് മതരാഷ്ട്രവാദത്തിന്റെ മണവും മധുരവും .പുതിയ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിനെക്കുറിച്ചു ചിന്തിച്ചപ്പോൾ ഒഹാൻ പാമുക്കും കാക്കനാടനും ഓർമ്മയിൽ കൊണ്ടുവന്ന മണങ്ങളും മുന്നറിയിപ്പുകളുമാണ് ഈ പോഡ്‌കാസ്റ്റിൽ .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .'മതരാഷ്ട്രമെന്ന വസൂരി'സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 22 മാർച്ച് 2024 https://www.dillidalipodcast.com/

  • Puuttuva jakso?

    Paina tästä ja päivitä feedi.

  • തൊണ്ണൂറ്റിനാലാം വയസ്സിൽ അന്തരിച്ച ദലിത് ബന്ധു എൻ . കെ ജോസിന് ആദരമർപ്പിച്ചുകൊണ്ടുള്ള ദില്ലി -ദാലിയുടെ പോഡ്‌കാസ്റ്റാണിത് .വൈക്കം സത്യഗ്രഹത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകത്തിലെ 'ആ നഗ്നസത്യം' എന്ന ലേഖനമാണ് ഈ പോഡ്‌കാസ്റ്റ് .1920 കളുടെ ആദ്യം തലയോലപ്പറമ്പ് ഭാഗത്തുണ്ടായിവന്ന അയ്യങ്കാളി പ്രസ്ഥാനത്തെ എങ്ങനെയാണ് വൈക്കം സത്യഗ്രഹത്തിലെ സവർണ്ണബോധം മുളയിലേ നുള്ളിക്കളഞ്ഞത് എന്ന് എൻ .കെ . ജോസ് അന്വേഷിച്ചതാണ് ഈ ലേഖനം .Image of N.K. Jose: Courtesy The NEWS Minute ദലിത് ബന്ധു എൻ . കെ . ജോസിന് വിട .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 06 മാർച്ച് 2024https://www.dillidalipodcast.com/

  • പ്രിയ സുഹൃത്തേ,എ രാമചന്ദ്രൻ്റെ ഗാന്ധി ചിത്ര -ശില്പങ്ങൾ എന്ന ദില്ലി -ദാലി പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .മാതൃഭൂമി ആഴ്ചപ്പതിപ്പ് പ്രസിദ്ധീകരിച്ച 'രക്തസുഷിരവും ശ്രാദ്ധവും ' എന്ന ലേഖനത്തിന്റെ ശബ്ദഭാഷ്യമാണിത് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 03 മാർച്ച് 2024 https://www.dillidalipodcast.com/

  • സമർഖണ്ഡ് : ഈ നഗരം ഇപ്പോൾ പത്തുലക്ഷം ജനങ്ങളും എന്നാൽ ലോകനാഗരികതയുടെ ഒരമരഖണ്ഡവുമാണ്. ആ നഗരത്തിൽ ജീവിച്ച അഞ്ചുദിന -രാത്രികളിൽ ഒരു പകലിനെക്കുറിച്ചാണ് ഈ ശബ്ദോപന്യാസം.ജ്ഞാനം രക്തം അധികാരം. 1424 ൽ മനുഷ്യനാഗരികതയുടെ ഈ അണുകേന്ദ്രത്തിൽ കാലൂന്നിനിന്നാണ് ഉലുഗ് ബെഗ് (മിർസ മുഹമ്മദ് ബിൻ ഷാ റൂഖ്‌ ) എന്ന രാജകുമാരൻ ആകാശദർശിനിയിലൂടെ നോക്കി അനന്തതയുടെ എഞ്ചുവടി ഉണ്ടാക്കിയത്.ഇവിടെയാണ് അയാൾ കൊല്ലപ്പെട്ടതും. ഈ ഉസ്ബെക് രാജകുമാരനെ മുഗൾ രാജകുമാരനായിരുന്ന ദാര ഷിക്കോഹുമായി അടുപ്പിക്കുന്നത് എന്താണ് ?ജ്ഞാനം രക്തം അധികാരം എന്ന audio essay യിലേക്ക് സ്വാഗതം എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 27 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഉസ്താദ് ബഡേ ഗുലാം അലി ഖാന്റെ കച്ചേരിയും മാൽകൗൺസ് രാഗാലാപനവും ബാബുരാജ് നേരിട്ടുകേട്ട് ആ മാസ്മരികതയിൽ മുങ്ങിയിട്ടുണ്ടാകണം. 1966 ൽ ഇറങ്ങിയ അനാർക്കലി സിനിമയിലെ 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനത്തെ മുൻനിർത്തിയുള്ള ഒരാലോചനയാണ് ഈ പോഡ്‌കാസ്റ്റ് .ബഡേ ഗുലാം അലി ഖാൻ പാടിയ മാൽകൗൺസ്, ബാബുരാജ് പാടിയ മാൽകൗൺസ്‌ , 'സപ്തസ്വരസുധാസാഗരമേ' എന്ന ഗാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 25 ഫെബ്രുവരി 2024https://www.dillidalipodcast.com/

  • അദ്ദേഹം റേഡിയോ സിലോണിലൂടെ 'ബഹാനോ, ഔർ ഭായിയോ', സഹോദരിമാരേ , സഹോദരന്മാരേ എന്ന് വിളിക്കുന്നതു കേൾക്കാൻ 1952 മുതൽ പഞ്ചാബ് , സിന്ധ് , ഗുജറാത്ത് , മറാത്താ , ദ്രാവിഡ , ഉത്കല , ബംഗകൾ കാതോർത്തു നിന്നു, നാല്പതുകൊല്ലങ്ങളോളം.സർദാർ പട്ടേലും നെഹ്‌റുവും മൗലാനാസാദും മാത്രമല്ല സ്വതന്ത്ര ഇന്ത്യൻ ദേശീയതയുടെ ഏകോപനത്തിന് കാരണമായത് , അമീൻ സായാനി എന്ന ശബ്ദതരംഗം കൂടിയായിരുന്നു .മഹാനായ പ്രക്ഷേപകൻ ഇന്നു വിടപറഞ്ഞു.അദ്ദേഹത്തിനുള്ള ആദരമായ ഈ പോഡ്‌കാസ്റ്റ് കേട്ടാലും .പരിപാടി കേൾക്കാനുള്ള ലിങ്ക് താഴെ നൽകുന്നു.എസ് . ഗോപാലകൃഷ്ണൻ ദില്ലി -ദാലി 21 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • കെ ജി സുബ്രഹ്മണ്യൻ ജന്മശതാബ്ദി പോഡ്‌കാസ്റ്റ് കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുന്നു പ്രിയ സുഹൃത്തേ, ചിത്രകാരനും ശിൽപിയും കലാനിരൂപകനും സൈദ്ധാന്തികനും അദ്ധ്യാപകനായിരുന്ന കെ . ജി . സുബ്രഹ്മണ്യന്റെ ജന്മശതാബ്ദി പോഡ്‌കാസ്റ്റിനുള്ള മുഖവുരയാണിത്.1924 ഫെബ്രുവരി 15 ന് കേരളത്തിലെ കൂത്തുപറമ്പിൽ ജനിച്ച് 2016 ജൂൺ 29 ന് അന്തരിച്ച 'മണി ദാ'യുടെ സമഗ്രസംഭാവനകളെക്കുറിച്ച്, അസാധാരണമായ സാധാരണത്വം നിറഞ്ഞ ആ ജീവിതത്തെക്കുറിച്ച്, കലാചരിത്രകാരൻ ആർ . നന്ദകുമാർ സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ. സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ

  • ലോകമാകമാനം ജനാധിപത്യം ഭീഷണികളെ നേരിട്ടുകൊണ്ടിരിക്കുന്ന വേളയിൽ റഷ്യൻ പ്രതിപക്ഷനേതാവ് നവൽനിയുടെ ജയിലിലെ മരണത്തിന് വലിയ മാനങ്ങളുണ്ട്.ധ്രുവമഞ്ഞുമൂടിയ പ്രദേശത്തെ ആളൊഴിഞ്ഞ ജയിലിൽ മരിച്ചു, അലക്‌സി നവൽനി. നാൽപ്പത്തിയേഴുവയസ്സിനിടയിൽ 19 വർഷക്കാലവും അദ്ദേഹം തടവിലായിരുന്നു .2021 ൽ ക്രെംലിൻ്റെ വിഷബാധയിൽ നവൽനി മരണത്തോടു മല്ലടിച്ചപ്പോൾ ദില്ലി -ദാലി ഒരു പോഡ്‌കാസ്റ്റ് ചെയ്തിരുന്നു . റഷ്യൻ രാഷ്ട്രീയ ഗവേഷകയും കേരളത്തിലെ കേന്ദ്രസർവകലാശാലയിൽ International Studies അദ്ധ്യാപികയുമായ ഡോക്ടർ ഉമ പുരുഷോത്തമനുമായി നടത്തിയ സംഭാഷണം നവൽനിയോടുള്ള ആദരസൂചകമായി പുനഃ പ്രക്ഷേപണം ചെയ്യുകയാണ് .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 17 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഫ്രഞ്ച് ദാർശനികൻ എഡ്‌ഗാർ മോറിൻ നൂറ്റിരണ്ടാമത്തെ വയസ്സിൽ മനുഷ്യരാശിയോട് പറയുന്നു , ഈ നൂറ്റാണ്ടിൽ ഇരുട്ട് നിറഞ്ഞിരിക്കുന്നു എന്ന്. അറിവിൻ്റെ പുരോഗതി ചിന്തയുടെ അധോഗതിയിലേക്ക് നയിച്ചിരിക്കുന്നു എന്നദ്ദേഹം പറയുന്നു. കീഴടങ്ങിയ ഒരു സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നത്.പ്രത്യാശയുടെ അഭാവത്തിൽ നമുക്ക് ചെയ്യാനുള്ളത് ഒന്നേയുള്ളൂ ...നുണകൾക്കെതിരേ പ്രതിരോധം തീർക്കുക.2024 ജനുവരി ഇരുപത്തിരണ്ടാം തീയതി എഡ്‌ഗാർ മോറിൻ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ മലയാളപരിഭാഷയാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് കേട്ടാലും .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 16 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • ഡോക്ടർ പൽപ്പുവിന്റെ ഒരു മകന് ഒരിക്കൽ കൈയ്യിൽ ഒരു മുറിവുപറ്റി. ചികിൽസിച്ചത് തിരുവനന്തപുരത്തെ റിട്ടയർ ചെയ്ത ഒരു ഡോക്ടർ മാധവൻ പിള്ളയാണ് . പ്രതിഫലം നൽകിയപ്പോൾ അപ്പോത്തിക്കരി അത് വിനയപൂർവം നിരസിച്ചു , എന്നിട്ട് ഡോക്ടർ പൽപ്പുവിനോട് പറയാൻ ഒരു സന്ദേശം കൊടുത്തയച്ചു :'ജാതിക്കാരണത്താൽ താങ്കൾക്ക് നിഷേധിച്ച medical സീറ്റ് അന്ന് ലഭിച്ചത് ഈയുള്ളവനാണ്. അതിനാൽ ചെറിയ ഒരു പെൻഷൻ വാങ്ങി ഞാൻ ജീവിച്ചുപോരുന്നു. താങ്കൾ ആതുരസേവാരംഗത്ത് മൈസൂരിലും ബറോഡയിലും ചെയ്ത മഹത്തായ കാര്യങ്ങളെക്കുറിച്ച് എനിക്കറിയാം'.മൈസൂരിൽ നിന്നും ഡോക്ടർ പൽപ്പു തിരുവനന്തപുരത്തെത്തി, ശ്രീമൂലം തിരുന്നാളിനെ കാണുവാൻ. വെറും മുണ്ടുമാത്രമുടുത്ത് മേൽമുണ്ടിടാതെയേ രാജാവിന്റെ മുന്നിൽ ചെല്ലാവൂ. പാന്റ്സും കോട്ടുമിട്ട് ചെന്ന ഡോക്ടറെ രാജാവ് കണ്ടതായി ഗൗനിച്ചില്ല.പുതിയ രാജഭക്തർക്ക് ഇതൊക്കെ ഓർമ്മ ഉണ്ടായിരിക്കണം. ടി .കെ മാധവൻ എഴുതിയ 'ഡോക്ടർ പൽപ്പു: ഒരു ജീവചരിത്രം' എന്ന പുസ്തകത്തിന്റെ വായനാനുഭവമാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് .തിരുവനന്തപുരം മൈത്രി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. സ്നേഹപൂർവ്വം,എസ് . ഗോപാലകൃഷ്ണൻ 01 ഫെബ്രുവരി 2024 https://www.dillidalipodcast.com/

  • എൻ്റെ ഹിന്ദുക്കളായ കൂട്ടുകാരിൽ ചിലരെങ്കിലും ജനുവരി ഇരുപത്തിരണ്ടാം തീയതിയെ ഒരഭിമാനമുഹൂർത്തമായി കാണുന്നതു ഞാൻ കണ്ടു,കേട്ടു. ചിലർ സ്വകാര്യമായി. ചിലർ പരസ്യമായി.ഞാൻ ചോദിച്ചു , ആഴ്ചയിൽ ഒരിക്കലെങ്കിലും നിങ്ങൾ കാണുകയോ കേൾക്കുകയോ ചെയ്യുന്ന ഒരു മുസ്‌ലിം സുഹൃത്ത് നിങ്ങൾക്കുണ്ടോ ?ഇല്ലേ ?ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം .കടമ്മനിട്ട 'മത്തങ്ങ' എന്ന കവിതയിൽ എഴുതി :'പറഞ്ഞറിഞ്ഞതുവിഴുങ്ങാൻ പ്രയാസമുണ്ട്.എത്ര വലിയ സത്യങ്ങളും വാക്കുകളാകുമ്പോഴേക്കും കർമ്മങ്ങളായി കഴിയുമ്പോഴേക്കും ഏറ്റവും വികൃതമായ നുണകളായി രൂപം കൊള്ളുന്ന വിരോധാഭാസം മനം മറച്ചിലുണ്ടാക്കുന്നു'ദില്ലി -ദാലി പോഡ്‌കാസ്റ്റിന്റെ പുതിയലക്കം 2024 ലെ ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിൽ ഒരു പഴയ കടമ്മനിട്ടക്കവിത വായിച്ചതിൻ്റെ ഫലമാണ് .കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു , കാരണം ഇതുചെയ്യുമ്പോൾ കണ്ണുകൾ ഈറനണിഞ്ഞിരുന്നു. ആയതിനാൽ നമുക്ക് മത്തങ്ങയെക്കുറിച്ച് സംസാരിക്കാം.സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 27 ജനുവരി 2024

  • പ്രഭ ആത്രേ ഒരിക്കൽ പറഞ്ഞു , 'പ്രാഥമികമായും ഞാൻ കിരാന ഘരാനയിൽ പെടുന്ന ഗായികയാണ് . എന്നാൽ എനിക്കു ലഭിച്ച ആധുനിക വിദ്യാഭ്യാസം എന്നെ സ്വതന്ത്രയാക്കി'. തൊണ്ണൂറ്റിയൊന്നാം വയസ്സിൽ പൂനെയിൽ അന്തരിച്ച മഹാഗായിക പ്രഭ ആത്രേയക്കുള്ള ആദരമാണ് ദില്ലി -ദാലിയുടെ ഈ ലക്കം പോഡ്‌കാസ്റ്റ് ,' പ്രഭാപൂരം'.കിരാന ഘരാനയുടെ പ്രോദ്‌ഘാടകനായിരുന്ന ഉസ്താദ് അബ്ദുൾ കരീം ഖാന്റെ മക്കൾ സുരേഷ്ബാബു മാനേയും ഹീരാബായി ബറോഡേക്കറും പഠിപ്പിച്ച ശിഷ്യരിലെ അവസാനത്തെ കണ്ണിയാണ് ജനുവരി പതിമൂന്നാം തീയതി വിടപറഞ്ഞിരിക്കുന്നത്.പണ്ഡിതഗായികയും സുനാദത്തിന്റെ അനശ്വരസഖിയുമായിരുന്ന പ്രഭാ ആത്രേയുടെ ജീവിതത്തെയും സംഭാവനകളേയും പറ്റിയുള്ള ഈ പോഡ്‌കാസ്റ്റിൽ അവർ പാടിയ യമൻ -കല്യാൺ ആലാപനവും ഉൾപ്പെടുത്തിയിരിക്കുന്നു .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 14 ജനുവരി 2024 https://www.dillidalipodcast.com/

  • ഒരു പ്രത്യേകസമൂഹത്തിന്റെ സവിശേഷ ജനിതകമുദ്ര സ്മരണ തലച്ചോറിൽ കൊണ്ടുനടക്കുന്ന അവസാനത്തെ കണ്ണി ജീവിച്ചിരിക്കുന്നതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ ?ലോകത്തിലെ ഏറ്റവും ഏകാന്തനായ പക്ഷി എന്നറിയപ്പെടുന്ന ഒമീദിനേക്കുറിച്ചാണ് ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ്. കഴിഞ്ഞ പതിനഞ്ചുകൊല്ലങ്ങളായി എല്ലാക്കൊല്ലവും അയ്യായിരം കിലോമീറ്റർ ഏകാന്തനായിപറന്ന് സൈബീരിയയിൽ നിന്നും ഇറാനിൽ എത്തിക്കൊണ്ടിരുന്ന ഒരു ദേശാടനക്കൊക്ക് ഇത്തവണ എത്തിയില്ല .ഒരു സമൂഹത്തിന്റെ സമാഹൃതസ്മൃതികളുടെ അവസാനകണ്ണിയ്ക്ക് എന്തുസംഭവിച്ചു ?ഒമീദ് : ഏകാന്തയോഗിയായിരുന്ന ദേശാടനപ്പക്ഷിപോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 07 ജനുവരി 2024 https://www.dillidalipodcast.com/

  • ഗാന്ധിജിയിലെ രാമൻ പരിണമിച്ചുകൊണ്ടേയിരുന്നു.കൈയ്യിൽ വിഷക്കോപ്പയുമേന്തി ശിഷ്യനോട് സംസാരിക്കുന്ന സോക്രട്ടീസിനെപ്പോലെയാണ് ഗാന്ധിജി 1946 ആയപ്പോഴേക്കും രാമനെക്കുറിച്ച് സംസാരിച്ചിരുന്നത്. തൻ്റെ രാമൻ ചരിത്രപുരുഷനല്ല എന്നും ആദ്യന്തഹീനനാണെന്നും അദ്ദേഹം പറഞ്ഞു. 1948 ൽ ഗാന്ധിജിയോടൊപ്പം കൊല്ലപ്പെട്ടത് ആധുനികനായ ഒരു രാമൻ കൂടിയായിരുന്നു .രാമനെക്കുറിച്ച് ഗാന്ധിജി നാല്പതാണ്ടുകളിൽ പറയുകയും എഴുതുകയും ചെയ്ത അഭിപ്രായങ്ങളെ ആസ്പദമാക്കിയ പോഡ്‌കാസ്റ്റാണിത്.2024 ലെ ആദ്യലക്കം ദില്ലി -ദാലിയിലേക്കുള്ള ലിങ്ക് ആദ്യ കമന്റ് ആയി നൽകിയിരിക്കുന്നു സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ 02 ജനുവരി 2024 https://www.dillidalipodcast.com/

  • സൈബീരിയയിൽ നിന്നും നൂറുകണക്കിന് കിലോമീറ്ററുകൾ വഴിനടന്ന് ഒരു ധ്രുവക്കരടി വ്യവസായികനഗരമായ നോറിൽസ്‌കിൽ എത്തി.ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ സംഭവിച്ചത് .അവൾ രോഗിണിയായിരുന്നു .മെലിഞ്ഞിരുന്നു .ക്ഷീണിതയായിരുന്നു. വയറിളക്കമുണ്ടായിരുന്നു.മഞ്ഞിൽ ദൈവത്തിന്റെ പാദങ്ങൾ പോലെ ശുദ്ധമായിരുന്ന അവളുടെ സൗമ്യപാദങ്ങളിൽ നഗരമാലിന്യം പുരണ്ടിരുന്നു.2023 ഡിസംബർ ആദ്യം ഡൽഹിനഗരത്തിലെ സൈനിക് ഫാം പ്രദേശത്ത് ഒരു പുലിയിറങ്ങി .ഡിസംബർ അവസാനം ഉത്തർപ്രദേശിലെ അത്‌കോണ ഗ്രാമത്തിലെ ഗുരുദ്വാരയിൽ ഒരു കടുവ പത്തുമണിക്കൂർ വിശ്രമിച്ചു .വയനാട്ടിലിറങ്ങിയ കടുവയെ മൃഗശാലയിലടച്ചു.ദുബായ് യിൽ കാലാവസ്ഥാ ഉച്ചകോടി നടക്കുമ്പോൾ നാഗരികൻ ഗസയിൽ കുഞ്ഞുങ്ങളെ കൊന്നുതള്ളുകയായിരുന്നു. 2023 ഡിസംബർ അവസാനം ഭൂമി മനുഷ്യനോട് എന്തോ പറയുന്നുണ്ട് .ശാന്തമായി കേൾക്കൂ, ഭൂമി നമ്മോട് പറയുന്നത്.ഇക്കൊല്ലത്തെ അവസാനലക്കം പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻhttps://www.dillidalipodcast.com/

  • മുപ്പത്തിയൊൻപതാം വയസ്സിൽ നാസി തടങ്കൽ പാളയത്തിൽ കൊല്ലപ്പെട്ട ഒരു ജർമ്മൻ കൃസ്തീയ പുരോഹിതനും മഹാത്മാ ഗാന്ധിയും തമ്മിലുണ്ടായിരുന്ന കത്തിടപാടുകളെക്കുറിച്ചാണ് ദില്ലി -ദാലിയുടെ ക്രിസ്തുമസ് പോഡ്‌കാസ്റ്റ് .ഹിറ്റ്ലർ ജർമ്മനിയിൽ പിടിമുറുക്കുന്ന സമയത്ത് Dietrich Bonhoeffer ഗാന്ധിജിയ്ക്ക് ഒരു കത്തയച്ചു . അതിൽ പറഞ്ഞു , 'ജർമനിയ്ക്കും യൂറോപ്പിനും ഇപ്പോൾ വേണ്ടത് സാമ്പത്തികമോ രാഷ്ട്രീയമോ ആയ സഹായമല്ല , ആത്മീയമായ സഹായമാണ് . ഇവിടെ അത് ലഭ്യമല്ല . താങ്കൾക്കു മാത്രമേ സഹായിക്കാനാകൂ'ക്രിസ്തു ജനിച്ചയിടത്തിൽ 2023 ലെ ക്രിസ്തുമസ് ദിനത്തിൽ യുദ്ധമാണ് . ഫാദർ കെ .എം . ജോർജ് വേദനയോടെ പറയുന്നു, 'ക്രിസ്തു ഒരു പലസ്തീനി കുട്ടിയാണ്'.നാസി തടങ്കൽ പാളയത്തിൽ രക്തസാക്ഷിത്വം വരിച്ച ബോൻഹോഫർ എന്ന പുരോഹിതനേയും തീവ്രഹിന്ദുരാഷ്ട്രീയത്താൽ രക്തസാക്ഷിത്വം വരിച്ച ഗാന്ധിജിയേയും ബന്ധിപ്പിച്ച ഘടകം എന്തായിരുന്നു .ദാർശനികമായ ഗൗരവത്തോടെ ഫാദർ പ്രൊഫസ്സർ കെ .എം . ജോർജ് ഒരു സംഭാഷണത്തിൽ വ്യക്തമാക്കുന്നു.എല്ലാവർക്കും ദില്ലി -ദാലിയുടെ ക്രിസ്തുമസ് ആശംസകൾ .സ്നേഹപൂർവ്വം എസ് . ഗോപാലകൃഷ്ണൻ ക്രിസ്തുമസ് , 2023 https://www.dillidalipodcast.com/

  • ഇരുപതാം നൂറ്റാണ്ടിൻ്റെ ആദ്യപാതിയിൽ ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഉണ്ടായ സാമൂഹിക-രാഷ്ട്രീയമാറ്റങ്ങളുടെ പ്രതിഫലനം ഇവിടുത്തെ സംഗീതത്തിലും ഉണ്ടായി. വടക്കു-പടിഞ്ഞാറൻ ഇന്ത്യയിലെ കസൂർ പ്രദേശത്തെ ഗായകൻ ഉസ്താദ് ബഡേ ഗുലാം അലി ഖാനിൽ പട്യാല ഖരാന, ബനാറസ് ഖരാന, ഗ്യാളിയോർ ഖരാന, ഇൻഡോർ ഖരാന എന്നീ സംഗീത സമ്പ്രദായങ്ങളുടെ സ്വാധീനം മാത്രമല്ല, 1950കൾ കഴിഞ്ഞപ്പോഴേക്കും കർണാടകസംഗീതത്തിൻ്റെ പോലും സ്വാധീനമുണ്ടായി. പുതിയ ഇന്ത്യ എന്ന സ്വപ്നത്തിൻ്റെ ഭാഗമായിരുന്നു അന്നത്തെ സംഗീതവും.യാഥാസ്ഥിതിക ബ്രാഹ്മണ്യം വിഴുങ്ങിക്കഴിഞ്ഞിരുന്ന മദിരാശി സംഗീതസഭകളിലൊന്നിൽ 1953 ൽ വന്നുപാടിയ മുസ്ലിം ഉസ്താദിൻ്റെ ( അന്ന് അദ്ദേഹം പാകിസ്താൻ പൗരനായിരുന്നു. 57 ലാണ് അദ്ദേഹം ഇന്ത്യൻ പൗരത്വം സ്വീകരിച്ചത്) കാൽ തൊട്ടുവന്ദിച്ചു ജി. എൻ. ബാലസുബ്രഹ്മണ്യം. നെറ്റിചുളിച്ച ബ്രാഹ്മണ്യത്തോട് GNB പറഞ്ഞു, ഞാൻ വന്ദിച്ചത് ഉസ്താദിൻ്റെ ശബ്ദനാളിയിൽ തപസ്സിരിക്കുന്ന ഗാനസരസ്വതിയെയാണ് എന്ന്.1950കളിൽ ഉസ്താദ് ബഡേ ഗുലാം അലി ഖാൻ പാടിയ 'ഹമീർ' രാഗത്തിൻ്റെ കേൾവി എനിക്കുനൽകിയ നാദസ്നാനത്തിനുള്ള ആദരമാണ് ഈ പോഡ്കാസ്റ്റ്.ആ ഹമീർ ഒരു രാഷ്ട്രീയ ഉൽപന്നം കൂടിയാണ് എന്ന് ഇക്കാലത്ത് നാം ഓർക്കേണ്ടതുമുണ്ട്.ഗാനവും പൂർണമായി ഉൾപ്പെടുത്തിയിരിക്കുന്നു.സ്നേഹപൂർവംഎസ്. ഗോപാലകൃഷ്ണൻ23 ഡിസംബർ 2023https://www.dillidalipodcast.com/

  • രെഫാത് അലരീർ എഴുതി :ഞാൻ മരിക്കണമെന്ന് നിർബന്ധമാണെങ്കിൽ എൻ്റെ കഥപറയാനായി നിങ്ങൾ നിർബന്ധമായും ജീവിച്ചിരിക്കണം .എൻ്റെ മരണം അങ്ങനെ ഒരു കഥകൂടി കൊണ്ടുവരട്ടെ .ദില്ലി -ദാലി അതിനാൽ ആ കഥ പറയാൻ തീരുമാനിച്ചു .അതാണ് ഈ പോഡ്‌കാസ്റ്റ് ;ഡിസംബർ ആറാം തീയതി ഗാസയിൽ ഇസ്രയേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട പലസ്തീനിയൻ കവി രെഫാത് അലരീർക്കുള്ള ആദരമാണിത്. നാല്പത്തിനാലുകാരനായ അദ്ദേഹവും കുടുംബവും കൊല്ലപ്പെട്ടു .നമ്മുടെയൊക്കെ അനുതാപവും പ്രതിഷേധവുമൊക്കെ വലിയ ജീവിതസുരക്ഷിതത്വത്തിനുള്ളിൽ നിന്നുകൊണ്ട് നാം ചെയ്യുന്ന ആത്മാനുരാഗപ്രകടനങ്ങളാണെന്ന് തോന്നിപ്പോകുന്നു.എന്നിട്ടും രെഫാത് ലോകത്തോട് പറഞ്ഞ അവസാന അഭ്യർത്ഥന നാം ഏറ്റെടുക്കുകയാണ് ,നാം നമ്മുടെ കുട്ടികളോട് കഥകൾ പറഞ്ഞുകൊണ്ടേയിരിക്കണം .പോഡ്‌കാസ്റ്റ് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .സ്നേഹപൂർവം എസ് . ഗോപാലകൃഷ്ണൻ 14 ഡിസംബർ 2023https://www.dillidalipodcast.com/

  • പുതിയലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ദേശീയരാഷ്ട്രീയമാണ് ചർച്ച ചെയ്യുന്നത് .ഡൽഹിയിലെ ഹിന്ദുസ്ഥാൻ ടൈംസ് പത്രത്തിൻ്റെ ഒപ്പീനിയൻ എഡിറ്ററായ അമൃത് ലാലുമായി ഒരു സംഭാഷണമാണിത്. ഇന്ത്യയിലെ പതിനഞ്ചുശതമാനം വരുന്ന മുസ്ലിങ്ങളെ പുറത്തുനിർത്തി ദേശീയരാഷ്ട്രീയത്തിന്റെ പുതിയ വിജയഭാഷയുണ്ടാക്കിയ ഭാരതീയജനതാപാർട്ടിയെ ഉത്തരേന്ത്യയിൽ വിമർശിക്കുവാനുള്ള ഭാഷ കോൺഗ്രസ്സിനോ അവിടുത്തെ മറ്റു പാർട്ടികൾക്കോ കൈവശമില്ല എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി എന്ന് അമൃത് ലാൽ പറയുന്നു. ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയ പുതിയ സാമൂഹ്യവിഭാഗങ്ങൾ ഏതൊക്കെയാണ് ?ഇന്നത്തെ ഇന്ത്യൻ രാഷ്ട്രീയത്തിന് നർമ്മദാനദിയ്ക്ക് തെക്കുള്ള ഇന്ത്യ, നദിയുടെ വടക്കുള്ള ഇന്ത്യ , ഉത്തർ പ്രാദേശിന് കിഴക്കുള്ള ഇന്ത്യ എന്നീ മൂന്നു സ്വഭാവങ്ങളുണ്ടോ, ഉണ്ടെങ്കിൽ വരാൻ പോകുന്ന പൊതുതെരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും ?പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .സ്നേഹപൂർവ്വം എസ്‌ . ഗോപാലകൃഷ്ണൻ 07 ഡിസംബർ 2023 https://dillidalipodcast.com/