Episodes

 • പ്രീയപ്പെട്ട സുഹൃത്തേ ,  

  യുദ്ധം ആരേയും സനാഥരാക്കുന്നില്ല , എന്നാൽ നിരവധി മനുഷ്യരേയും സമൂഹങ്ങളേയും അത്  അനാഥമാക്കുന്നുണ്ടുതാനും . യുദ്ധം കഷ്ടപ്പാടിനേയും വേർപാടിനേയും ഉൽപാദിപ്പിക്കുന്ന ഫാക്ടറിയാണ് , അത് വ്യവസായം തന്നെയാണ് . എന്നാൽ ആസിയ സെർപിൻസ്ക എന്ന ഉക്രൈൻകാരി എഴുപത്തേഴാം വയസ്സിലും അനുപമഭംഗിയുള്ള ജീവിതം ജീവിക്കുന്നു. ഭൂമിയിലെ സർവ്വജീവജാലങ്ങളേയും സ്നേഹിക്കുമ്പോൾ യുദ്ധത്തിനെതിരേ അവർ നൽകുന്ന പരമോദാര ദർശനത്തിൽ നിന്നും ഈ ലക്കം ദില്ലി -ദാലി ജനിക്കുന്നു.     എഴുത്തച്ഛൻ യുദ്ധകാണ്ഡം തുറക്കുമ്പോൾ അവിടെ വാനരർ മാത്രമല്ല കുതിരകളും ആനകളും ഉണ്ടായിരുന്നു . വ്യാസൻ്റെ കുരുക്ഷേത്രത്തിലും ഹോമറിന്റെ ഇലിയഡിലും അവയുണ്ടായിരുന്നു .  1990 -91 കാലത്തുനടന്ന കുവൈത്ത് യുദ്ധത്തിൽ അവിടുത്തെ അന്താരാഷ്‌ട്ര മൃഗശാലയിൽ ബോംബുവീണ് 85 ശതമാനം മൃഗങ്ങളും കൊല്ലപ്പെട്ടു . ആധുനിക സമൂഹത്തിൽ കാലാനുഗതമായി പരിണമിച്ചുണ്ടായ എല്ലാ മൃഗാവകാശനിയമങ്ങളും കാറ്റിൽ പറക്കുന്ന കാലമാണ് മനുഷ്യനും മനുഷ്യനും , ഗോത്രവും ഗോത്രവും , രാഷ്ട്രവും രാഷ്ട്രവും രാഷ്ട്രങ്ങളും രാഷ്ട്രങ്ങളും തമ്മിൽ ആയുധമെടുത്ത് പോരടിക്കുമ്പോൾ പിറക്കുന്നത് . മൃഗാവകാശപ്രവർത്തകർ പുറത്തുവിട്ട ഒരു അമേരിക്കൻ സൈനിക പരിശീലനവീഡിയോയിൽ ഉദ്യാനങ്ങൾ കലാപരമായി രൂപകൽപന ചെയ്യുന്ന കത്രിക കൊണ്ട് ആടുകളുടെ കാലുകൾ മുറിച്ച് അതുകണ്ട് ആസ്വദിക്കുന്ന സൈനികരെ കാണാം . ഇക്കാര്യത്തിൽ യുദ്ധനിയമങ്ങൾ എന്താണ് പറയുന്നത് ?  മനുഷ്യൻ ചെയ്യുന്ന യുദ്ധങ്ങളിൽ ഇരകളാകുന്ന മൃഗങ്ങൾക്കുവേണ്ടി ഒരു പോഡ്‌കാസ്റ്റ്.  അവസാനം ഒരു ഗാനം ചേർത്തിരിക്കുന്നു . പുല്ലിൽ , പൂവിൽ , പുഴുവിൽ , കിളിയിൽ , വന്യജീവിയിൽ , വനചരനിൽ ജീവബിന്ദുവിൻ്റെ അമൃതം തൂകിയ ലോകനായകനോടുള്ള പ്രാർത്ഥന . മലയാളത്തിലെ എക്കാലത്തേയും നല്ല പ്രാർത്ഥനകളിൽ ഒന്ന് . ഭാസ്കരൻ മാഷിൻ്റെ സ്നേഹദീപം മിഴിതുറക്കുന്ന ഗാനം .  പോഡ്‌കാസ്റ്റ് headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  09 മെയ് 2022

  https://www.dillidalipodcast.com/

 • പ്രിയ സുഹൃത്തേ, 

  'ഹിന്ദു -മുസ്‌ലീം വിഭജനം ഉണ്ടാക്കിയാൽ ഇന്ത്യൻ സമൂഹത്തിലെ വൈജാത്യങ്ങളെല്ലാം ഇല്ലാതായി വിശാല ഹിന്ദു ഐക്യത്തിന് വഴിയൊരുക്കുമെന്ന ചിന്ത തെറ്റാണ്', ഇന്ത്യയുടെ മുൻ വിദേശകാര്യ സെക്രട്ടറിയും മുതിർന്ന സ്വതന്ത്ര ചിന്തകനുമായ ശ്യാം സരൺ പറയുന്നു .  സമീപകാലത്ത് രാജ്യത്തുനടന്ന സംഭവ വികാസങ്ങളുടെ വെളിച്ചത്തിൽ അദ്ദേഹം എഴുതിയ ആഴമുള്ള ലേഖനത്തിൻ്റെ  മലയാള പരിഭാഷയാണിത്. ഇത് ദില്ലി -ദാലിയിൽ അവതരിപ്പിക്കുവാൻ പ്രത്യേക അനുമതി നൽകിയ ശ്യാം സരണിന് നന്ദി രേഖപ്പെടുത്തുന്നു .  ഏതെങ്കിലും ഒരു വിഭജനരേഖയെ ആഴത്തിൽ കുഴിക്കുവാൻ തീരുമാനിച്ചാൽ മറ്റനേകം വ്യത്യസ്ത വിഭജനരേഖകൾ ഇന്ത്യയിൽ പ്രത്യക്ഷപ്പെടും , അരാജകത്വമാകും ഫലം , അദ്ദേഹം പറയുന്നു .  ഹമാരെ റാം , റഹീം , കരീം , കേശവ് എന്ന പ്രശസ്ത കബീർ ദാസ് ഭജൻ ശുഭ മുദ്‌ഗൽ പാടിയതും ഉൾപ്പെടുത്തിയിരിക്കുന്നു .  ദയവായി headphones ഉപയോഗിച്ചുകേട്ടാലും .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  23 ഏപ്രിൽ 2022

 • Missing episodes?

  Click here to refresh the feed.

 • ഉയിർപ്പിൻ്റെ  സിംഫണി എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  1897 ൽ ഗുസ്താവ് മഹ് ലർ സംഗീത നിരൂപകനായ ആർതർ സെയ്‌ദിയ്ക്ക് എഴുതി , 'ഈ സിംഫണിയോടെ ഞാൻ വിശ്വസാഹിത്യത്തെ മുഴുവൻ കൊള്ളയടിച്ചിരിക്കുന്നു, ബൈബിൾ അടക്കം എല്ലാത്തിനെയും . ഒരു വിമോചിതലോകത്തെ അറിയാൻ മറ്റു മാർഗങ്ങൾ എനിക്കില്ലായിരുന്നു'  യേശുവേ , നീയെന്തിന് ജീവിച്ചു , എന്തിന് ഈ പീഡനങ്ങളെല്ലാം സഹിച്ചു ? ഇതൊക്കെ ഒരു വലിയ തമാശ മാത്രമോ ? കുരിശാരോഹണവും ഉയിർപ്പും ലളിതമല്ല , നമ്മുടെ ഓരോരുത്തരുടേയും ജീവിതം പോലെ അത് സങ്കീർണ്ണമാണ് എന്ന് മഹാസംഗീതകാരൻ  ഗുസ്താവ് മഹ് ലർ ഒരു അനശ്വര സംഗീതശിൽപത്തിലൂടെ പറയുന്നു . ഈ ലക്കം ദില്ലി -ദാലി 'ഉയിർപ്പ് ' എന്ന ആ സിംഫണിയെക്കുറിച്ചാണ് .  ദയവായി ഹെഡ്‍ഫോൺസ് ഉപയോഗിക്കുക , അത് നല്ല ശ്രവ്യാനുഭവം ഉറപ്പാക്കും .  

  സ്നേഹത്തോടെ   

  എസ് . ഗോപാലകൃഷ്ണൻ  

  ഈസ്റ്റർ ദിനം , 2022

  www.dillidalipodcast.com

 • പ്രിയ സുഹൃത്തേ ,  

  ശ്രീലങ്കയെ അടിമുടി ഉലച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയെക്കുറിച്ച്  രാഷ്ട്രാന്തരബന്ധങ്ങളിൽ വിദഗ്ദ്ധനായ പ്രൊഫസ്സർ മാത്യു ജോസഫ് . സി സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ.  അദ്ദേഹം ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ International Relations ൽ അദ്ധ്യാപകനാണ് .  അഭൂതപൂർവ്വമായ വിദേശകടം എങ്ങനെയാണ് ഒരു ഉപഭോഗസമൂഹത്തിൻ്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്നത് ? , ചൈനയുടെ ശാക്തികസ്വപ്നങ്ങൾ അവരുടെ പുതിയ കോളനികളെ എങ്ങനെ തളർത്തുന്നു ?,  രാജ്യത്തെ ബാധിച്ച ദുരന്തത്തെ നേരത്തേ തിരിച്ചറിയാൻ  രാജപക്‌സ സഹോദരന്മാർക്ക് എന്തുകൊണ്ട് കഴിഞ്ഞില്ല?,  ഒരാഴ്ചക്കകം ഒരുകിലോ അരിയ്ക്ക് 500 രൂപാ കൊടുക്കേണ്ടിവരുന്ന ശ്രീലങ്കൻ ജനത എങ്ങനെ ഈ ദുരവസ്ഥയെ അതിജീവിക്കും?, എന്തുകൊണ്ട് ശ്രീലങ്കയിലെ തമിഴ്‌വംശജർ ഏറ്റവും ദുർബലരായി?,  തമിഴ് വംശജരിലുണ്ടായിരിക്കുന്ന വൈജാത്യങ്ങൾ എന്തൊക്കെ ? സിംഹളവംശീയതയിൽ ഊന്നുന്ന രാഷ്ട്രീയത്തിനെതിരേ ശ്രീലങ്കയിൽ ശക്തമായ ഒരു നവപൊതുബോധം ഉണ്ടാകുവാൻ ഈ പ്രതിസന്ധി കാരണമാകുമോ ? കേരളം ശ്രീലങ്കയിൽ നിന്നും എന്തെങ്കിലും പാഠം പഠിക്കേണ്ടതുണ്ടോ?  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  സ്നേഹപൂർവ്വം   എസ് . ഗോപാലകൃഷ്ണൻ

 • പ്രിയ സുഹൃത്തേ ,  

  'പട്ടവും നൂലും ഞാൻ തന്നെ' എന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . സംഗീതസംബന്ധിയാണിത് . പതിനേഴാം നൂറ്റാണ്ടിലെ സൂഫി കവി ബുല്ലേ ഷായുടെ കവിത हाजी लोक मक्के नूं जांदे സൂഫി മിസ്റ്റിസിസവും  ആദ്ധ്യാത്മികവും അതേസമയം പ്രണയാർദ്രവുമാണ്.   തീർത്ഥാടകർ മെക്കയ്ക്കു പോകുന്നു . എന്നാൽ എൻ്റെ മെക്ക എൻ്റെ പ്രണയി രൺജാ ആണ് . നിങ്ങൾ പറയും എനിക്കു ഭ്രാന്താണെന്ന് . അതേ , ഞാൻ പ്രണയത്താൽ ഉന്മാദത്തിലാണ് . എൻ്റെ കഅ്ബ   രൺജാ താമസിക്കുന്ന ഗ്രാമമാണ് .   ചിഷ്തി സൂഫി പരമ്പരയിലെ കവി വാറിസ് ഷാ എഴുതിയ പ്രണയദുരന്തകഥ ഹീർ -രൺജയുമായി ബന്ധമുണ്ട് ഈ ഗാനത്തിന്. ഈ ഗാനം നൂറ്റാണ്ടുകളായി സൂഫി ഗായകർ പലതരത്തിൽ പാടി അനശ്വരമാക്കി . ഈ ലക്കം പോഡ്‌കാസ്റ്റിൽ ഗാനത്തിൻ്റെ  ചരിത്രവും , മൂന്ന് അതിമനോഹര ആലാപനങ്ങളും പാട്ടിൻ്റെ വരികളുടെ മലയാളം  തർജ്ജുമയും ഉൾപ്പെടുത്തിയിരിക്കുന്നു . നല്ല ശ്രവ്യാനുഭവത്തിന്  ദയവുചെയ്ത് headphones ഉപയോഗിച്ചു കേൾക്കണേ .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  23  മാർച്ച് 2022

 • പ്രിയ സുഹൃത്തേ , 

  എടത്തട്ട നാരായണൻ : പത്രപ്രവർത്തനവും കാലവും എന്ന പുതിയ  പുസ്തകത്തെക്കുറിച്ച് ഗ്രന്ഥകർത്താവ് സംസാരിക്കുകയാണ് ഈ ലക്കം ദില്ലി -ദാലിയിൽ . 

  ഇന്ത്യൻ ഇംഗ്ളീഷ് പത്രപ്രവർത്തനത്തിലെ എക്കാലത്തേയും വലിയ പേരുകളിലൊന്നായ എടത്തട്ട നാരായണൻ്റെ  ജീവിതം അദ്ദേഹമോ മറ്റുള്ളവരോ രേഖപ്പെടുത്താതെ പോയി . ഇതാ ഇപ്പോൾ മലയാളത്തിൽ ആ വലിയ മലയാളിയെക്കുറിച്ച് ഒരു പുസ്തകം വന്നിരിക്കുന്നു .  Hindustan Times , Patriot , Pioneer , Indian News Chronicle, Shankar 's Weekly , Link തുടങ്ങിയ ഇന്ത്യൻ പത്രലോകത്തിലെ തരംഗസൃഷ്ടികളായ പ്രസിദ്ധീകരണങ്ങൾക്ക് അനുപമമായ നേതൃത്വം കൊടുത്ത വ്യക്തി . ക്വിറ്റ് ഇന്ത്യാ സമരകാലത്ത് ജയിൽ വാസം . ഇന്ത്യൻ ഇടതുപക്ഷത്തിൻ്റെ നിതാന്ത സഖാവ് , എന്നാൽ ഒറ്റയാൻ . പണ്ഡിറ്റ് നെഹ്രുവും റാം മനോഹർ ലോഹ്യയും എസ് എ ഡാങ്കേയും ഇ എം എസ് നമ്പൂതിരിപ്പാടും കാതോർത്തിരുന്ന ശബ്ദം . വിപ്ലവ നായിക അരുണാ അസഫ് അലിയുടെ ഉത്തമ സുഹൃത്ത്, എല്ലാത്തിനുമുപരി നിത്യനിഷേധി . ഒരിക്കലും ഓർമ്മക്കുറിപ്പുകളോ ആത്മകഥയോ എഴുതിയില്ല . ഒരു നല്ല ഫോട്ടോയ്ക്കുപോലും ഒരിക്കൽ പോലും പോസ് ചെയ്തില്ല .  ഗ്രന്ഥകാരൻ പി . രാം കുമാറിന് പാടുപെടേണ്ടിവന്നു എടത്തട്ടയുടെ ജീവിതത്തെ പകർത്തുവാൻ . പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

  ദയവുചെയ്ത് headphones ഉപയോഗിച്ച് കേൾക്കണേ .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  19 മാർച്ച് 2022  ഡൽഹി

 • ലാറി ബേക്കറിനെക്കുറിച്ച് സമഗ്രമായ ഒരു ജീവചരിത്രം മലയാളത്തിൽ വന്നിരിക്കുന്നു. പുസ്തകം എഴുതിയ ഗീതാഞ്ജലി കൃഷ്ണനുമായുള്ള സുദീർഘസംഭാഷണമാണ് ഈ ലക്കം ദില്ലി -ദാലിയിൽ.

  കേരളത്തിൽ എത്തുന്നതിനുമുൻപ് ഈ വാസ്തുശില്പിയുടെ സംഭവബഹുലമായിരുന്ന ജീവിതം നമ്മെ വിസ്മയിപ്പിക്കും ...ഇംഗ്ലണ്ടിലെ ബാല്യ-കൗമാരങ്ങളിൽ അദ്ദേഹത്തിനുമേലുണ്ടായ നീണ്ട സ്വാധീനങ്ങൾ , യൗവനത്തിൽ യുദ്ധകാലത്ത് ചൈനയിലേക്കുള്ള അപകടകരമായ കപ്പൽ യാത്ര, വഴിയിൽ ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനവും കൊൽക്കത്തയിലെ ദാരിദ്ര്യവും കാണുന്നത് , ചൈനയിൽ കുഷ്ഠരോഗികളെ പരിചരിച്ച് ജീവിച്ചത്, സ്വന്തം ഭക്ഷണം കൃഷിചെയ്തുണ്ടാക്കിയത്, സ്വന്തം ശരീരത്തെ കുഷ്ഠരോഗം ബാധിക്കുന്നതും , മലയാളിയായ ഡോക്ടർ എലിസബത്ത് അക്കാലത്ത്  അദ്ദേഹത്തെ ജീവിതത്തിൽ സ്വീകരിക്കുന്നത്, ഹിമാലയത്തിൽ വൈദ്യുതി ഇല്ലാത്തിടത്ത് കൃഷിചെയ്ത് ജീവിച്ചത്....1944 ൽ ഗാന്ധിയെ കാണുന്നത് ,1962 ൽ കേരളത്തിലേക്ക് താമസം മാറ്റുന്നത് , കടപ്പുറത്ത് അച്യുതമേനോനോടൊപ്പം ഇരുന്ന് സ്വപ്നം കണ്ടത് , അച്യുതമേനോൻ മരിച്ചപ്പോൾ പൊട്ടിക്കരഞ്ഞത് ....

  ആദരപൂർവം മാത്രം നമുക്ക് സമീപിക്കാൻ കഴിയുന്ന ആ ജീവിതത്തെക്കുറിച്ച്, പുസ്തകത്തെക്കുറിച്ച്, ഇഷ്ടികയും ഇടവും കൊണ്ട് അദ്ദേഹം എഴുതിയ കവിതകളെക്കുറിച്ച്  ഗീതാഞ്ജലി സംസാരിക്കുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . 

  ദയവുചെയ്ത് headphones ഉപയോഗിച്ച് കേട്ടാലും .

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ 

  18 മാർച്ച് 2022  

  https://www.dillidalipodcast.com/  

 • പ്രിയ സുഹൃത്തേ ,  

  ഹിന്ദുസ്താനി സംഗീതത്തിലെ ഒരു ആധുനിക മുഹൂർത്തമായിരുന്നു പണ്ഡിറ്റ് കുമാർ ഗന്ധർവയുടെ സംഗീതപ്രപഞ്ചം . ഈ ലക്കം ദില്ലി -ദാലി ആ സംഗീതത്തെകുറിച്ചാണ് . ഒരിക്കൽ അദ്ദേഹം പറഞ്ഞു , ഞാനെന്തോ അതെൻ്റെ പാട്ടിൽ കേൾക്കാൻ കഴിയും .  ക്ലാസ്സിക്കൽ സംഗീതത്തിലെ ആധുനികതയെ നാം എങ്ങനെ നിർവചിക്കും ? ഈ പോഡ്‌കാസ്റ്റിൽ അദ്ദേഹം പാടി അനശ്വരമാക്കിയ കബീർ ഭജനുകളും , ശ്രീ , ശങ്കര, ഭൂപാലി , ഹമീർ , മാൽകോൺസ് തുടങ്ങിയ രാഗങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് ആ സർഗ്ഗജീവിതത്തിലെ വേലിയേറ്റങ്ങളേയും വേലിയിറക്കങ്ങളേയും എന്തിനേയും അതിജീവിച്ച ആ ഏകശ്വാസകോശപ്രതിഭയേയും സമീപിക്കുന്ന പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  ദയവുചെയ്ത് headphones ഉപയോഗിച്ച് കേൾക്കാൻ ശ്രമിക്കണേ .  

  സ്നേഹം മാത്രം   

  എസ് . ഗോപാലകൃഷ്ണൻ  

  15 മാർച്ച് 2022  ഡൽഹി 

 • പ്രീയപ്പെട്ട സുഹൃത്തേ , 

  ഉക്രൈനിലെ ഒരമ്മയ്ക്കും കുഞ്ഞിനുമായി ഒരു ഭുപൻ ഹസാരിക ഗാനമാണ് ഈ ലക്കം ദില്ലി -ദാലിയിൽ . കഴിഞ്ഞ ദിവസം മോസ്‌കോയിലെ തെരുവിൽ ഒരു യുവാവ് ഉക്രൈനിലായിപ്പോയ ഭാര്യയ്ക്കും മകൾക്കുമായി ഒരു ടീവി ചാനലിലൂടെ ഒരു ചുംബനം അയക്കുന്നതു കണ്ടു .  1975 ൽ ഭുപൻ ഹസാരിക എഴുതി , സംഗീതം നൽകി പാടിയ ഗാനമാണ് 'ഓ , വിദേശിബന്ധു, എനിക്ക് നിൻ്റെ കരച്ചിലിന്റെ പ്രതിധ്വനി കേൾക്കാം ....നിൻ്റെ കപ്പൽ ഒരു ചുഴലിയിൽ പെട്ടിരിക്കുന്നു , നങ്കൂരവും നഷ്ടപ്പെട്ടിരിക്കുന്നു ...  അതിമനോഹരമായ ഈ ഗാനത്തിന് ഡോക്ടർ നിർമ്മൽകാന്തി ഭട്ടാചാര്യ നൽകിയ ഇംഗ്ലീഷ് വിവർത്തനമാണ് ഞാൻ മലയാളത്തിലാക്കിയിരിക്കുന്നത് . ഗാനത്തിൻ്റെ ചരിത്രവും , ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .  

  സ്നേഹത്തോടെ   എസ് . ഗോപാലകൃഷ്ണൻ  04 മാർച്ച് 2022  ഡൽഹി

 • The Indian EXPRESS ൻ്റെ തമിഴ് നാട് രാഷ്ട്രീയലേഖകൻ അരുൺ ജനാർദ്ദനൻ എം കെ സ്റ്റാലിൻ പ്രഭാവത്തെ വിശദമായി വിലയിരുത്തുന്നു ഈ ലക്കം ദില്ലി -ദാലിയിൽ .  

  ഒന്ന് . അടുത്ത കാലത്തുനടന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി കൈവരിച്ച അഭൂതപൂർവ്വമായ വിജയത്തെ എങ്ങനെ കാണുന്നു ?  

  രണ്ട് . ദേശീയരാഷ്ട്രീയത്തിൽ നിത്യശത്രുക്കളോ , നിത്യബന്ധുക്കളോ ഇല്ലാത്ത ദ്രാവിഡ പാർട്ടികളുടെ ചരിത്രപശ്ചാത്തലത്തിൽ എം കെ സ്റ്റാലിൻ്റെ  ദേശീയകാഴ്ചപ്പാടിനെ എങ്ങനെ കാണുന്നു ?  

  മൂന്ന് : തമിഴകത്തെ ഉദ്യോഗസ്ഥവൃന്ദത്തിൻ്റെ  കാര്യക്ഷമതയോടെ പ്രത്യേകതകൾ എന്തൊക്കെയാണ് ?  

  നാല് . തമിഴ് നാട് രാഷ്ട്രീയത്തിലെ ജാതിസമവാക്യങ്ങൾ സ്റ്റാലിൻ എങ്ങനെ ഉപയോഗിക്കുന്നു ?  

  അഞ്ച് . പ്രാദേശികമായി വലിയ ജനസ്വാധീനമുള്ള  രാഷ്ട്രീയനേതാക്കളുടെ നിര തന്നെ ഇന്ന് ഇന്ത്യയിൽ പ്രതിപക്ഷത്തിനുണ്ട് . സ്റ്റാലിൻ , അരവിന്ദ് കേജരിവാൾ , മമത ബാനർജി , ശരദ് പവാർ , ഉദ്ധവ് താക്കറേ , അഖിലേഷ് യാദവ് , ചന്ദ്രശേഖര റാവു , പിണറായി വിജയൻ എന്നിങ്ങനെ ...പക്ഷേ എല്ലാവരേയും ഒന്നിപ്പിച്ചുനിർത്താനുള്ള ശേഷി കാണിക്കുന്ന ഒരു ദേശീയ നേതാവുണ്ടോ എന്ന് സംശയമാണ്. സ്റ്റാലിൻ ഈ സാഹചര്യത്തെ രാഷ്ട്രീയമായി എങ്ങനെയാണ് കാണുന്നത് ?  

  ആറ് . രാഹുൽ ഗാന്ധി, പിണറായി വിജയൻ എന്നിവരുമായി എം .കെ സ്റ്റാലിൻ്റെ  ബന്ധമെങ്ങനെയാണ് ?  

  ഏഴ് . സ്റ്റാലിൻ തമിഴ് നാട് രാഷ്ട്രീയത്തിൽ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?  

  അഭിമുഖത്തിലേക്ക് സ്വാഗതം .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  02 മാർച്ച് 2022 , ഡെൽഹി

 • പ്രീയപ്പെട്ട സുഹൃത്തുക്കളേ ,

  ഉക്രൈനിലെ ഏതെങ്കിലും ജനപദത്തിൽ ഒരു ബങ്കറിൽ ദിനരാത്രങ്ങളായി വെള്ളമോ ഭക്ഷണമോ ഇല്ലാതെ അമ്മയെ കെട്ടിപ്പിടിച്ചിരിക്കുന്ന ഒരെഴുവയസ്സുകാരിയുടെ മാനസികാവസ്ഥയിലിരുന്നാണ് ഞാൻ ഈ പോഡ്‌കാസ്റ്റ് ചെയ്യുന്നത് .  എട്ട് യുദ്ധവിരുദ്ധ ഗാനങ്ങൾ തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് , ഗാനങ്ങളുടെ വിവർത്തനങ്ങളോടൊപ്പം. Headphones ഉപയോഗിച്ചുകേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

  ഒന്ന് : എനിക്ക് സ്വപ്നം കാണാമെങ്കിൽ 

  നല്ല ഭൂമിയെക്കുറിച്ച് എനിക്ക് സ്വപ്നം കാണാൻ കഴിയും ...

  എല്ലാ സഹോദരരും പരസ്പരം കൈകോർത്ത് നടക്കുന്നയിടം ...

  പറയൂ , എന്തുകൊണ്ട് എൻ്റെ സ്വപ്നം സത്യമായിക്കൂടാ ?

  രണ്ട് : യുദ്ധശേഷം  

  പട്ടാളക്കാരന് ഒരു കത്ത് 

  യുദ്ധം കഴിഞ്ഞാൽ നിങ്ങളുടെ ശത്രുവാര് ?

  പട്ടാളത്തിൽ നിങ്ങൾ ഒരു നമ്പർ മാത്രം .

  നുണകൾ പറഞ്ഞ് അവർ നിങ്ങളെ 

  മനുഷ്യനെ കൊല്ലാൻ പഠിപ്പിച്ചു 

  മൂന്ന് : എനിക്കു സ്നേഹം തരൂ  

  എൻ്റെ ദൈവമേ , എൻ്റെ കൈ പിടിയ്ക്കൂ ...

  ഞാൻ നിന്നെയൊന്നുമാനസ്സിലാക്കട്ടെ ...

  എൻ്റെ കൈ പിടിക്കില്ലേ ?

  ഇല്ലെന്നോ ?

  ഓം My Lord !

  നാല് : 19 

  വിയറ്റ്നാമിലെ അമേരിക്കൻ പട്ടാളക്കാരൻ്റെ 

  കുറഞ്ഞ പ്രായം 19 ആയിരുന്നു .

  തിരിച്ചുവന്നവരിൽ 

  പകുതിയും പിന്നീട് മാനസികരോഗികളായി 

  അഞ്ച് : America , the Brutal

  തോൽക്കുന്ന ഒരു യുദ്ധത്തിലായിരിക്കാം ഞാനിവിടെ ...

  അങ്ങിനെ മരിക്കുന്നതാണ് ഭേദം .

  വ്യാജ പ്രസിഡണ്ടേ, തൻ്റെ വിഴുപ്പലക്കാനല്ല ഞാനിവിടെ .

  ആറ് : നമ്മുടെ സ്വപ്നം ( ഇറാനിയൻ ഗാനം )

  എനിക്കൊരു സ്വപ്നമുണ്ട് 

  നിറമുള്ള ഒരു സ്വപ്നം 

  ഉറങ്ങിക്കിടക്കുന്ന ഒരു കുഞ്ഞിൻ്റെ മേൽ 

  ബോംബുവീഴാത്ത ഒരു ലോകം 

  ഏഴ് : ആൺകുട്ടികളെ തിരികേ 

  വീട്ടിലേക്കു വിളിക്കുക 

  കുട്ടികളെ ഇങ്ങനെ ഒറ്റയ്ക്ക് പറഞ്ഞുവിടരുത്.

  ആൺകുട്ടികളെ തിരികേ 

  വീട്ടിലേക്കു വിളിക്കുക ...

  എട്ട് : ഒന്നു ഭാവന ചെയ്തു നോക്കൂ

  നിങ്ങൾ പറഞ്ഞേക്കാം 

  ഞാനൊരു സ്വപ്നജീവിയാണെന്ന് ...

  പക്ഷേ ഞാനൊറ്റയ്ക്കല്ല .

  എനിക്കുറപ്പാണ് 

  ഒരുദിവസം നിങ്ങളും എന്നോടൊപ്പം ചേരും 

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ 

  28 ഫെബ്രുവരി 2022 

 • പ്രിയ സുഹൃത്തേ ,

  ഗുജറാത്തിലെ ഒരു പ്രൈമറി സ്‌കൂൾ ടീച്ചറാണ് ഒരിക്കൽ എന്നോട് പറഞ്ഞത് 'ബാ എന്നുച്ചരിക്കാതെ നിങ്ങൾക്ക് ബാപ്പു എന്നു പറയാൻ കഴിയില്ല' എന്ന് .

  ഇന്ന് , ഫെബ്രുവരി 22 കസ്‌തൂർബാ ഗാന്ധിയുടെ ചരമവാർഷികമാണ് . 1944 ൽ ഈ ദിവസമാണ് പൂനയിലെ ആഗാ ഖാൻ ജയിലിൽ വെച്ച് ബാ അന്തരിച്ചത് .

  മൃതദേഹം കോൺഗ്രസ്സ് പ്രവർത്തകർക്ക് കാണുവാൻ പൊതുദർശനത്തിന് വെയ്ക്കുവാൻ ജയിലധികൃതർ തയ്യാറായില്ല . ഗാന്ധി പറഞ്ഞു , കോൺഗ്രസ്സ് പ്രവർത്തകർക്കില്ലാത്ത അവകാശം ബായുടെ മക്കൾക്കും വേണ്ടാ . പൂനയിലെത്തിയ മക്കൾ അമ്മയുടെ മൃതദേഹം കാണാതെ തിരികെപ്പോയി .

  ബാ : ഒരസാധാരണ സ്ത്രീജീവിതത്തെക്കുറിച്ച് ഒരു പോഡ്‌കാസ്റ്റ് .

  പോഡ്‌കാസ്റ്റ് ലിങ്ക് ഒന്നാമത്തെ കമൻറ്  ആയി നൽകിയിട്ടുണ്ട് 

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ 

  22 ഫെബ്രുവരി 2022 

  ഡൽഹി 

 • കാറും കോളും നിറഞ്ഞപ്പോൾ ആ പെൺകുട്ടി കുടിലിൽ നിന്നും ഓടി പുറത്തേക്കുവന്നു,  പുള്ളിപ്പശുവിനെ മാറ്റിക്കെട്ടാൻ . വയൽ വരമ്പിൽ നിന്ന ടാഗോർ അവളുടെ വലിയ കണ്ണുകൾ കണ്ടു . അവൾ ടാഗോറിനേയും .  1900 ലെ ആഷാഢമാസത്തിൽ ടാഗോർ എഴുതിയ ഗാനമാണ് 'കൃഷ്ണകൊലി അമിതാരേ ബോലി'.  'നാട്ടുകാർ അവൾ കറുത്തവൾ ആണെന്നുപറയുന്നു .  എന്നാൽ എനിക്കവൾ ഒരാമ്പൽ പൂവ് '  എക്കാലത്തേയും പ്രിയങ്കരമായ ഒരു രബീന്ദ്രസംഗീതത്തെക്കുറിച്ചുള്ള ഒരു പോഡ്‌കാസ്റ്റ് ആണീലക്കം ദില്ലി -ദാലി .   ഒരു ഗാനത്തിൻ്റെ ചരിത്രം, ലാവണ്യഭംഗികൾ .  പോഡ്‌കാസ്റ്റിൽ സുചിത്ര മിത്ര , ഹേമന്ത് മുഖർജി , കബീർ സുമൻ , കമലിനി മുഖർജി എന്നിവർ പാടിയ 'കൃഷ്ണകൊലി അമിതാരേ ബോലി'യും, 'മതമെന്താണ് മനുഷ്യനോട് ചെയ്യുന്നത് ' എന്ന  ഫക്കീർ ലാലോൻ ഷാ ഗാനവും ഉൾപ്പെടുത്തിയിരിക്കുന്നു .  നല്ല ശ്രവ്യാനുഭവത്തിന് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  

  1117 ഫെബ്രുവരി 2022

 • പ്രിയ സുഹൃത്തേ ,  

  അബുദാബിയെ ലക്ഷ്യമാക്കി ഹൂതി ആക്രമണങ്ങൾ വന്നതോടെയാണ് ഒരു വലിയ വിഭാഗം മലയാളികൾ യെമനിലെ ഹൂതി സംഘർഷത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുവാൻ തുടങ്ങിയതുതന്നെ. എന്നാൽ എന്താണ് യഥാർത്ഥത്തിൽ ഈ പ്രശ്നം ? ഈ ലക്കം ദില്ലി -ദാലി പോഡ്‌കാസ്റ്റ് ഹൂതി  സംഘർഷത്തിൻ്റെ  ചരിത്രപശ്ചാത്തലവും ഇസ്‌ലാമിക ലോകത്തും അറബ് രാഷ്ട്രങ്ങളിലും ഇതുണ്ടാക്കുന്ന ആഘാതങ്ങളും ആഴത്തിൽ പരിശോധിക്കുകയാണ് . ഈ മേഖലയുടെ ചരിത്രവും രാഷ്ട്രീയവും നന്നായി പഠിച്ചിട്ടുള്ള ഡോക്ടർ ഷെല്ലി ജോണിയുമായുള്ള ഒരു സുദീർഘ അഭിമുഖമാണിത്. ആരാണീ ഹൂതികൾ ? ഷിയാകളിലെ ഏതു വിഭാഗമാണിവർ? ഷിയാ -സുന്നി വൈരങ്ങളിലെ പുതിയ ആഗോളസാഹചര്യമെന്താണ് ? ദുർബലമായ ഇറാഖ് എങ്ങനെയാണ്  അറബ് ലോകത്തെ ആകെത്തന്നെ അസ്ഥിരപ്പെടുത്തിയിരിക്കുന്നത് ? പുതിയ സംഘർഷങ്ങളിൽ സൗദി അറേബ്യ ഒറ്റപ്പെട്ടിരിക്കുകയാണോ? ഹൂതികളുമായി പോരാടാനിറങ്ങിയ UAE നേരിടുന്ന പ്രതിസന്ധികൾ എന്തൊക്കെയാണ് ?  ഈ പോഡ്‌കാസ്റ്റ് കേൾക്കുക .  ഡോക്ടർ ഷെല്ലി ജോണി ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സർവ്വകലാശാലയിൽനിന്നും പശ്ചിമേഷ്യൻ പഠനങ്ങളിൽ ഡോക്ടറേറ്റ് നേടി . ഡൽഹിയിലെ Centre for Air Power Studies ൽ ഗവേഷണം നടത്തി . Centre for Public Policy Research ൽ ഇപ്പോൾ സീനിയർ ഫെല്ലോ ആണ് . തൃശൂർ എൽത്തുരുത്തിലെ സെയിന്റ് അലോഷ്യസ് കോളേജിൽ രാഷ്ട്രമീമാംസയിൽ അസ്സോസിയേറ്റ് പ്രൊഫസറാണ് ഇപ്പോൾ .  

  അഭിമുഖസംഭാഷണത്തിലേക്ക് സ്വാഗതം .  

  സ്നേഹപൂർവ്വം  

  എസ് . ഗോപാലകൃഷ്ണൻ 

  11 ഫെബ്രുവരി 2022

 • ഭീമസേനൻ്റെ  സഭാതലം 

  പ്രിയ സുഹൃത്തേ ,

  മരിക്കുന്നതിന് രണ്ടുവർഷങ്ങൾക്കു മുൻപ് മഹാഗായകൻ  പണ്ഡിറ്റ് ഭീംസെൻ ജോഷിയോട് ഒരു പത്രലേഖകൻ ചോദിച്ചു , ഒരു സംഗീതജ്ഞനുവേണ്ട ഏറ്റവും വലിയ മൂല്യമെന്താണ് എന്ന് . അദ്ദേഹം മറുപടി പറഞ്ഞു : 'സത്യസന്ധത'. 

  പ്രഭാതത്തെ ഉണർത്തിയ ആ രാംകലിയെ ,  രാത്രിയിലേക്ക് പാടിവിലയിച്ച ആ മാരുബിഹാഗിനെ സജീവമാക്കിയത് , വ്യതിരക്തമാക്കിയത് അസാമാന്യപ്രതിഭയിൽ ശ്രുതിചേർന്ന സത്യസന്ധത മാത്രമായിരുന്നു . 

  1922 ഫെബ്രുവരി നാലാം തീയതിയാണ് അദ്ദേഹം ജനിച്ചത് . 

  2022 ലെ ഈ ദിവസം അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയുടെ തുടക്കമാണ് .

  സംഗീതനിരൂപകൻ അശോക് റാനഡെ എഴുതി , പണ്ഡിതനേയും പാമരനേയും വിസ്മയിപ്പിച്ചു എന്നതാണ് പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ ഔന്നത്യം എന്ന്.

  ഈ പോഡ്‌കാസ്റ്റ് മഹാഗായകൻ്റെ ജീവചരിത്രവും സംഭാവനകളും അനുസ്മരിക്കുന്നു , കൂടാതെ അദ്ദേഹം പാടിയ പ്രഭാതരാഗം രാംകലി , മധ്യാഹ്നരാഗം തോടി , സായാഹ്നരാഗം പൂരിയ ധനശ്രീ , രാത്രിരാഗം മാരുബിഹാഗ് എന്നിവയുടെ ഖണ്ഡങ്ങളും .

  ദയവുചെയ്ത് headphones ഉപയോഗിച്ചു കേൾക്കുവാൻ അഭ്യർത്ഥിക്കുന്നു .

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ   

 • പ്രിയ സുഹൃത്തേ ,  

  The Hindu ദിനപ്പത്രത്തിൽ International Affairs എഡിറ്ററായ ഡോ . സ്റ്റാൻലി ജോണിയുമായി റഷ്യ -ഉക്രൈൻ സംഘർഷത്തിനെക്കുറിച്ചുള്ള ഒരു അഭിമുഖമാണ് ഈ ലക്കം ദില്ലി -ദാലി . 

  ഇനി പറയുന്ന ചോദ്യങ്ങൾക്കാണ് അദ്ദേഹം മറുപടി പറയുന്നത്   

  1 . റഷ്യയുടെ അതിർത്തിവ്യാപനം വഴി പുടിൻ എന്താണ് യഥാർഥത്തിൽ ആഗ്രഹിക്കുന്നത് ? 

  2 . വിവിധ കാരണങ്ങളാൽ ശക്തി ക്ഷയിച്ച നാറ്റോയെ എന്തിനാണ് പുടിൻ ഭയക്കുന്നത് ? 

  3 . മറ്റു രാജ്യങ്ങളിൽ നിരന്തരം അതിക്രമിച്ചു കയറിയിട്ടുള്ള അമേരിക്കയ്ക്ക് റഷ്യയുടെ മേൽ ധാർമ്മിക അധികാരമുണ്ടോ ? അന്താരാഷ്ട്രീയരംഗത്ത് ധാർമ്മിക നിലപാടുകൾക്ക് പ്രസക്തിയുണ്ടോ ? 

  4 . ശക്തമാകുന്ന ചൈന -റഷ്യ സൗഹൃദവും ഈ സംഘർഷവും എങ്ങനെ പൊരുത്തപ്പെടും ? 

  5 . കിഴക്കൻ -പടിഞ്ഞാറൻ ധ്രുവീകരണമുണ്ടായാൽ ഇന്ത്യ എവിടെ നിൽക്കും ? 

  6 . റഷ്യയുടെ എണ്ണ - പ്രകൃതിവാതക രാഷ്ട്രീയത്തെ  പുതിയ സംഘർഷം എങ്ങനെ ബാധിയ്ക്കും ? യൂറോപ്പിന് റഷ്യയുടെ എണ്ണയില്ലാതെ നിലനിൽക്കാൻ കഴിയുമോ  

  7 . പുതിയ സംഘർഷം ലോകവിപണിയെ എങ്ങനെ ബാധിക്കും ? 

  8 . യുദ്ധം ഉണ്ടാകുമോ ? ഉണ്ടായാലും ഇല്ലെങ്കിലും റഷ്യയ്ക്കാണോ ലാഭം ?  

  പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം .  

  സ്നേഹത്തോടെ   

  എസ് . ഗോപാലകൃഷ്ണൻ  

  ദില്ലി ദാലി  

  1 ഫെബ്രുവരി 2022

 • പ്രിയ സുഹൃത്തേ ,

  ഇന്ന് ജനുവരി മുപ്പത് . 

  മരണത്തിലും ജീവിതം എന്നു പറയാവുന്ന മരണങ്ങളിൽ ഒന്നായിരുന്നു  ഗാന്ധിയുടേത് . സോക്രട്ടീസിൻ്റെ  മരണവും, ക്രിസ്തുവിൻ്റെ മരണവും പോലെയൊന്നായിരുന്നു അതും.  ജീവിതം പോലെ തന്നെ നിത്യപ്രസക്തമായി തുടരുന്ന ഒരു മരണമായി  ഗാന്ധിയുടെ മരണം മാറുകയായിരുന്നു . ആ ജീവിതത്തെക്കാളേറെ ഒരു പക്ഷേ  ആ മരണം ഇന്ത്യൻ സാമൂഹികപ്രതിസന്ധികളിൽ യാത്രികർക്ക്  ദിശാസൂചന നൽകി വഴിയരികിൽ നിൽക്കുന്നു .

  ഗ്രീക്ക് സ്റ്റോയിക് ദാർശനികരുടെ സ്വാധീനം ഗാന്ധിയുടെ ജീവിത -മരണ ദർശനങ്ങളിൽ എത്രമാത്രമുണ്ടായിരുന്നു ? ഗാന്ധിയുടെ ജീവിതത്തേക്കാൾ എന്തുകൊണ്ട് ഗാന്ധിയുടെ  മരണം ഹിന്ദു ദേശീയവാദികൾക്ക് ഒരു കീറാമുട്ടിയായി തുടരുന്നു ?

  13 മിനിറ്റ് ദൈർഘ്യമുള്ള പോഡ്‌കാസ്റ്റിലേക്ക് സ്വാഗതം . ജനുവരി മുപ്പതാം തീയതി ദേശാഭിമാനി വാരാന്തപ്പതിപ്പിൽ വന്ന മുഖലേഖനത്തിൻ്റെ ശബ്ദരൂപമാണിത് .

  Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ 

  30 ജനുവരി 2022 

 • 'രാജാക്കന്മാരുടെ രാജാവേ , ഭീതിയുമായി വരാതിരിയ്ക്കൂ , കരുണയുമായി വരൂ' (From Abide with me )

  പ്രിയ സുഹൃത്തേ ,

  ഇന്ത്യൻ റിപ്പബ്ലിക് ദിനാചരണങ്ങളുടെ അവസാനപാദമായ Beating Retreat ൽ ഇന്ത്യൻ സൈനിക ബാൻഡ്  ഏറ്റവും അവസാനത്തെ ഇനമായി അവതരിപ്പിച്ചുവരാറുള്ള ഒരു ഭക്തിഗാനമാണ് Abide with me  .  ഗാന്ധിയുടെ പ്രിയങ്കരഗാനങ്ങളിൽ ഒന്ന് .ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനം മുതൽ  ആ ഗാനം പിൻവലിക്കപ്പെട്ടത് ചർച്ചയായിരിക്കുകയാണ് .

  നമ്മുടെ അനായാസ മതേതരവാദങ്ങളുടെ ലളിതയുക്തികൊണ്ട്  നേരിടാവുന്ന പ്രതിസന്ധിയല്ല രാജ്യം നേരിടുന്നത് . ഈ ഗാനത്തിനുപകരം  Aye Mere Watan Ke Logon എന്തുകൊണ്ട് വരുന്നു ? ആ ഗാനവും നെഹ്‌റുവും തമ്മിലുള്ള ബന്ധമെന്താണ് ? 

  പ്രത്യക്ഷത്തിൽ തെറ്റെന്നു തോന്നാത്ത കാര്യങ്ങൾ ഓരോന്നോരോന്നായി നടപ്പിലാക്കുന്നത്തിലെ ആപൽക്കരമായ  സമഗ്രതയാണ് നാം കരുതലോടെ വീക്ഷിക്കേണ്ടത് .  ആർക്കാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ദേശാഭിമാനോത്തോട് സംശയമുള്ളത് ? കറയറ്റ ദേശസ്‌നേഹത്തിന്റേയും സാഗരോപമമായ ധൈര്യത്തിന്റെയും നിദർശനമായിരുന്നില്ലേ ആ ജന്മം ? എന്നാൽ ഏത്  ഒഴിഞ്ഞയിടങ്ങളിലാണ് ഇന്ത്യയിലെ ഭൂരിപക്ഷമതവർഗ്ഗീയത അവരുടെ പുതിയ  പ്രതിഷ്ഠാപനങ്ങൾ നടത്തുന്നത് ? ഇന്ത്യയിലെ പുതിയ ഹിന്ദു മുന്നേറ്റം സവർക്കറെയും നേതാജിയേയും  ഒരു രഥത്തിലെ രണ്ടു  കുതിരകളാക്കാൻ ശ്രമിക്കുകയാണോ ? 

   ഈ ലക്കം ദില്ലി -ദാലിയിൽ Abide with Me എന്ന  ഗാനവും  ഉൾപ്പെടുത്തിയിട്ടുണ്ട് . 

  Headphones ഉപയോഗിച്ച് കേൾക്കണമെന്ന് അഭ്യർത്ഥിക്കുന്നു .

  ചരിത്രവായനയിലേയും പ്രതിരോധത്തിലേയും ലളിതയുക്തികൾ ചതിക്കുഴികൾ

  സ്നേഹപൂർവ്വം 

  എസ് . ഗോപാലകൃഷ്ണൻ 

  24 ജനുവരി 2022 

 • ഈ ലക്കം ദില്ലി -ദാലി ജനുവരി പതിനേഴാം തീയതി എൺപത്തൊൻപതാം വയസ്സിൽ അന്തരിച്ച പ്രൊഫസ്സർ എം . കെ പ്രസാദിനുള്ള ആദരമാണ് . പ്രമുഖ സാമൂഹ്യസമ്പദ്ശാസ്ത്രജ്ഞനായ ഡോ . കെ പി കണ്ണനുമായുള്ള ഒരഭിമുഖമാണിത് .  എന്താണ് ഇന്നത്തെ കേരളം പ്രസാദ് സാറിൽ നിന്നും മനസ്സിലാക്കേണ്ട സന്ദേശം ? സൈലൻറ് വാലി പ്രക്ഷോഭം വിജയിച്ചത് എന്തുകൊണ്ടാണ് ? അതിൽ കൂടുതൽ സാമൂഹികാവബോധം ഉണ്ടാക്കാൻ കഴിഞ്ഞിട്ടും നർമ്മദാ അണക്കെട്ടുവരുന്നത് തടയാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണ് ? താർക്കിക കേരളത്തിൽ ഏതുവിഷയവും YES / NO എന്ന ദ്വന്ദത്തിലേക്ക് ലഘൂകരിക്കപ്പെടുന്നുവോ ? ആരോഗ്യകരമായ സംവാദത്തിൻ്റെ ആവശ്യത്തെക്കുറിച്ച് എം . കെ . പ്രസാദിൻ്റെ  ജീവിതം നമ്മോട് പറയുന്നതെന്താണ് ? മരണത്തിനു തൊട്ടുമുന്നേ അദ്ദേഹം നടത്തിയ അവസാന സാമൂഹ്യയിടപെടലിൽ  കേരളാ മുഖ്യമന്ത്രിയോട് അഭ്യർത്ഥിച്ചത് എന്താണ് ?  ഡോക്ടർ കെ .പി കണ്ണനുമായുള്ള അഭിമുഖത്തിലേക്ക് സ്വാഗതം .  

  സ്നേഹപൂർവ്വം   

  എസ്‌ . ഗോപാലകൃഷ്ണൻ  

  17 ജനുവരി 2022

 • " കന്യാസ്ത്രീയുടെയും പുരോഹിതൻ്റെയും കുപ്പായങ്ങൾ മാറിയാൽ പിന്നീട് രക്തവും മാംസവും കൊണ്ടുനിർമ്മിച്ച മനുഷ്യരൂപങ്ങളാണ് ....മാംസത്തിന് മാംസത്തിനോട് ചേരാൻ അഭിനിവേശമുണ്ട് " : തകഴി   

  പ്രിയ സുഹൃത്തേ ,  

  വക്കീലന്മാരും ന്യായാധിപൻമാരും പൊതുവേ സമ്മതിക്കുന്ന ഒരു കാര്യമാണ് കോടതി നിയമവശമാണ് നോക്കുന്നത് നീതിയല്ല എന്നത് . അതുകൊണ്ടാണ് അവർ തന്നെ പറയുന്നത് കേസ് കൊടുക്കാൻ അറിഞ്ഞാൽ പോരാ , കേസ് നടത്താനും അറിയണമെന്ന് . കേസ് നടത്തുക എന്ന നീതി-ന്യായ വ്യവഹാരയിടത്തിലാണ്  അശരണരും ആലംബഹീനരും നിശ്ശബ്ദരും കോടതിയിൽ ഒറ്റപ്പെട്ടുപോകുന്നത് . പുറത്തുനിൽക്കുന്നവർ ഈ കോടതി എന്നുവെച്ചാൽ നമുക്കു മനസ്സിലാകാത്ത ഒരു സംവിധാനമാണെന്ന് കരുതിത്തുടങ്ങുന്നത് ...അവർക്കു മനസ്സിലാകാത്ത ഇംഗ്ളീഷിൽ , അവർക്കു മനസ്സിലാകാത്ത നിയമവ്യാഖ്യാനങ്ങളിൽ അവരുടെ ജീവിതത്തിലെ ഒരു ദുരനുഭവത്തെ ചില മാന്യന്മാർ വിലയിരുത്തുന്നതിലും ഒരുതരം ബലാത്സംഗം ഇല്ലേ ?  ഈ ലക്കം ദില്ലി -ദാലി ഏകദേശം അറുപതാണ്ടുകൾക്കുമുൻപെങ്കിലും തകഴി എഴുതിയ ഒരു കഥയുടെ വായനാനുഭവമാണ് . അസാധാരണമാണ് ഇക്കഥ . അവിടെ പുരോഹിതൻ എന്ന പുരുഷൻ നൈതികമായി ദുർബലനായി ഒരു വെള്ളവസ്ത്രത്തിൽ നിൽക്കുന്നു . എന്നാൽ അയാളെ പള്ളിയും നിയമവും ഒരു മ്യൂസിയത്തിൽ കാലഹരണപ്പെട്ട  ശിലായുഗപാത്രത്തെ സംരക്ഷിക്കുംപോലെ സംരക്ഷിക്കുന്നു . എന്നാൽ തകഴിയുടെ കന്യാസ്ത്രീ ഒറ്റക്കു നടക്കുന്നു ....ഒരു ചെറിയകാറ്റ് അനക്കം വെച്ച് , ഇലകളിളക്കി , വളർന്ന് , ചുഴലിക്കാറ്റായി വളർന്ന് പള്ളിമണികളെ കശക്കിയെറിഞ്ഞ് ആകാശങ്ങളിലേക്ക് ഉയരുന്നു .  പോഡ്‌കാസ്റ്റിൽ ഉപയോഗിച്ചിരിക്കുന്ന സംഗീതം : AVE MARIA - Sister Choir Gregorian Chant - Benedectine Nuns  നല്ല കേൾവിയനുഭവത്തിന് headphones ഉപയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു .  

  സ്നേഹപൂർവ്വം   

  എസ് . ഗോപാലകൃഷ്ണൻ  15 ജനുവരി 2022